07:20am 14 November 2026
NEWS
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? ട്രംപിനെ സമ്മർദത്തിലാക്കി നെതന്യാഹു; മൊസാദ് മേധാവി വാഷിങ്ടണിൽ
14/11/2026  06:25 AM IST
nila
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? ട്രംപിനെ സമ്മർദത്തിലാക്കി നെതന്യാഹു; മൊസാദ് മേധാവി വാഷിങ്ടണിൽ

 

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനികനീക്കം നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാൻ വാഷിങ്ടണിലെത്തി. അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ആക്സിയോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുംമുമ്പ് ഇറാനെതിരെ വീണ്ടും സൈനിക നടപടി ഉണ്ടാകണമെന്നാണ് നെതന്യാഹുവിന്റെ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ട്രംപിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി ഗോഫ്മാൻ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. വൈറ്റ്ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ചർച്ച നടത്തുന്നതിനായി അദ്ദേഹം മിയാമിയിലേക്കും പോകുമെന്നാണ് സൂചന.

അതേസമയം, ഇറാനെതിരെ ഉടൻ മറ്റൊരു സൈനികാക്രമണം നടത്തുന്നതിനോട് ട്രംപ് ഭരണകൂടത്തിന് താൽപര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സൈനിക നടപടിക്കുപകരം സാമ്പത്തിക ഉപരോധങ്ങളും തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളും ശക്തമാക്കി ഇറാനെ സമ്മർദത്തിലാക്കാനാണ് അമേരിക്കയുടെ നീക്കം. എന്നാൽ, ആവശ്യമെങ്കിൽ സൈനികശക്തി വീണ്ടും പ്രയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരെ ആക്രമണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹുവും ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ട്രംപ് ഫോണിലൂടെ നെതന്യാഹുവിനോട് രോഷം പ്രകടിപ്പിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്തകളാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.

യുദ്ധം വീണ്ടും ആരംഭിക്കണമെന്ന ആവശ്യത്തോട് ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. ഇറാനെ ചർച്ചകളിലേക്ക് എത്തിക്കാൻ സാമ്പത്തിക സമ്മർദം തുടരാനാണ് അമേരിക്കയുടെ തീരുമാനം. യുദ്ധം പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു നീക്കത്തിന് നിലവിൽ കാരണമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷവും തുടരുന്ന സാഹചര്യത്തിൽ മൊസാദ് മേധാവിയുടെ വാഷിങ്ടൺ സന്ദർശനത്തിന് വലിയ നയതന്ത്രപ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img